About

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍

തുടക്കവും വളര്‍ച്ചയും

കെ എസ് സി എസ് ടി ഇ - നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്) സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേരള സര്‍ക്കാര്‍ 1976-ല്‍ സ്ഥാപിച്ചു. നാറ്റ്പാക്ക് നല്‍കിയ സംഭാവനകളും നേട്ടങ്ങളും കണക്കിലെടുത്ത്, 1982-ല്‍ കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ ഗവേഷണ-വികസന കേന്ദ്രമായി നാറ്റ്പാക്ക് പുനഃസ്ഥാപിച്ചു. 2002 നവംബറില്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി (KSCSTE) നാറ്റ്പാക് സംയോജിപ്പിച്ചു. നിലവില്‍ കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വയംഭരണ സ്ഥാപനമായ കെ എസ് സി എസ് ടി ഇ, കേരളത്തിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ ഒരു സംയോജിത സമീപനം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്.

ഗതാഗത ആസൂത്രണം, ഹൈവേ എഞ്ചിനീയറിംഗ്, റോഡ് സുരക്ഷ, ഗ്രാമീണ റോഡുകള്‍, ജല ഗതാഗതം, ടൂറിസം, ഇന്റലിജന്റ് ഗതാഗത സംവിധാനങ്ങള്‍, പാരിസ്ഥിതിക പഠനങ്ങള്‍, ഗതാഗതവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍ എന്നിവയില്‍ ഗവേഷണവും കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങളും നാറ്റ്പാക്ക് ഏറ്റെടുക്കുന്നു.

ശാസ്ത്രീയ വിഭാഗങ്ങള്‍, ലാബുകള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന നാറ്റ്പാക്ക് -ന്റെ പ്രധാന ക്യാമ്പസ് 16,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കേരളത്തിന്റെ തെക്കന്‍ ഭാഗമായ തിരുവനന്തപുരം നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. NATPAC-ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും രണ്ട് പ്രാദേശിക ഓഫീസുകള്‍ ഉണ്ട്, ഒന്ന് കോഴിക്കോട് CWRDM ക്യാമ്പസിലും മറ്റൊന്ന് എറണാകുളം ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും പ്രവര്‍ത്തിച്ചു വരുന്നു.

സംഘടനാ ഘടന

നാറ്റ്പാക്ക് കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന, കെ എസ് സി എസ് ടി ഇ യുടെ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്ത് ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ മാറ്റവും വികസനവും കൊണ്ടുവരുന്നതിനുള്ള ഏജന്‍സിയായി രൂപീകരിക്കപ്പെട്ടതാണ് കെ എസ് സി എസ് ടി ഇ. കെ എസ് സി എസ് ടി ഇ യ്ക്ക് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള ഒരു എക്‌സിക്യൂട്ടീവ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്.

സാങ്കേതിക കാര്യങ്ങളില്‍ ഗവേഷണ കൗണ്‍സിലിന്റെയും ഭരണകാര്യങ്ങളില്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് നാറ്റ്പാക്ക് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. നാറ്റ്പാക്ക് - ല്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ വിവിധ ഗതാഗത മേഖലകളിലും അനുബന്ധ മേഖലകളിലും വിദഗ്ധരാണ്. ടെക്‌നിക്കല്‍ ഓഫീസര്‍സും ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ്സും ശാസ്ത്രജ്ഞരെ സഹായിക്കുന്നു. NATPAC-ലെ ശാസ്ത്രജ്ഞരെയും മറ്റു ടെക്‌നിക്കല്‍ സ്റ്റാഫുകളെയും 4 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവര്‍ക്ക് സഹായവും പിന്തുണയുമായി അക്കൗണ്ട്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളും ഉണ്ട്.

നാറ്റ്പാക്കിനു ട്രാഫിക് എഞ്ചിനീയറിംഗ്, ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ്, പൊതുഗതാഗതം, ഹൈവേ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, പേവ്‌മെന്റ് എഞ്ചിനീയറിംഗ്, ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ്, റോഡ് സുരക്ഷ, ജല ഗതാഗതം, ജിയോമാറ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ട് ഇക്കണോമിക്‌സ് എന്നിവയില്‍ ബഹുമുഖ വിദഗ്ധതയുണ്ട്. പ്രത്യേക സാങ്കേതിക പദ്ധതികള്‍ നടത്തുന്നതിനായി നാറ്റ്പാക്കിനു അന്താരാഷ്ട്ര, ദേശീയ ഏജന്‍സികളുമായി ബന്ധമുണ്ട്.

നാറ്റ്പാക്ക് ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന മേഖലകള്‍ ഇവയാണ്:

  1. റോഡ് സുരക്ഷാ/ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം
  2. ഗതാഗത അടിസ്ഥാനസൗകര്യത്തിനുള്ള പ്രാദേശികമായ/ഇതര സാമഗ്രികള്‍
  3. പൊതുഗതാഗത സംവിധാനവും ലോജിസ്റ്റിക്‌സും